ഇന്ത്യയിലെ സത്യഗ്രഹങ്ങൾ

Share it:

ചമ്പാരൻ സത്യഗ്രഹം (1917)
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ ഇന്ത്യയിൽ നടന്ന ആദ്യത്തെ സത്യഗ്രഹ സമരം 1917-ലെ ചമ്പാരൻ സത്യഗ്രഹമാണ്. ദക്ഷിണാഫ്രിക്കയിൽ നിന്നു ഗാന്ധിജി ഇന്ത്യയിൽ എത്തിയെന്നറിഞ്ഞ രാജ് കുമാർ ശുക്ല 1916-ലെ ലക്‌നൗ കോൺഗ്രസ് സമ്മേളനത്തിനിടെ അദ്ദേഹത്തെ സന്ദർശിച്ചു ചമ്പാരനിലെ നീലം കർഷകർ അനുഭവിക്കുന്ന ദുരിതം ബോധ്യപ്പെടുത്തി. കർഷകരെ മോചിപ്പിക്കാനുള്ള സമരങ്ങൾക്ക് നേതൃത്വം നൽകണമെന്ന് അഭ്യർഥന സ്വീകരിച്ച ഗാന്ധിജി 1917 ഏപ്രിൽ 10-നു രാജ് കുമാർ ശുക്ലയോടൊപ്പം പട്നയിലെത്തി. രാജേന്ദ്ര പ്രസാദ്, ആചാര്യ കൃപലാനി, ബ്രജ് കിഷോർ പ്രസാദ് തുടങ്ങിയ നേതാക്കളോടൊപ്പം ചമ്പാരനിലെത്തിയെ മഹാത്മജിയോട് അവിടം വിട്ട് പോകാനാണ് ബ്രിട്ടീഷ് സർക്കാർ ഉത്തരവ് നൽകിയത്. പക്ഷേ, ജനരോഷത്തെ തുടർന്നു സർക്കാരിന് അതിൽ നിന്ന് പിന്മാറേണ്ടി വന്നു. ഗാന്ധിജിയുടെ സത്യാഗ്രഹത്തെത്തുടർന്നു 1917 ജൂൺ 10നു ചമ്പാരനിലെ കർഷക പ്രശ്നങ്ങൾ പഠിക്കാൻ അന്വേഷണ സമിതിയെ നിയമിച്ചുള്ള പ്രഖ്യാപനവും വന്നു.

ഖേദ സത്യഗ്രഹം (1918)
1918ൽ വൻ തോതിലുള്ള വിളനാശം മൂലം ഗുജറാത്തിലെ ഖേദ ജില്ലയാകെ ക്ഷാമത്തിലായി. ഇതിനിടെ നികുതി നൽകാൻ സാധിക്കാത്തവർക്കെതിരെ അതികൃതർ നടപടികൾ ആരംഭിച്ചതോടെ കർഷകർ ദുരിതത്തിലായി. ഇതിന്റെ പശ്ചാത്തലത്തിലാണ് സർദാർ വല്ലഭ്ഭായ് പട്ടേൽ, ഇന്ദുലാൽ യാഗ്നിക്, ശങ്കർലാൽ ബങ്കർ, അനസൂയ ബെഹൻ, മഹാദേവ് ദേശായ് തുടങ്ങിയവർക്കൊപ്പം മഹാത്മാഗാന്ധി ഖേദ സത്യഗ്രഹത്തിനു തുടക്കം കുറിച്ചത്. നാലുമാസത്തെ സത്യഗ്രഹത്തിനൊടുവിൽ സമരം ഒത്തു തീർപ്പിലെത്തി. ഖേദയിലെ സത്യഗ്രഹം ഗുജറാത്തിലെ കർഷകർക്കിടയിൽ പുതിയ ഒരു ഉണർവുണ്ടാക്കി.

റൗലറ്റ് സത്യഗ്രഹം (1919)
1918ലെ ജസ്റ്റിസ് സിഡ്‌നി റൗലറ്റ് കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 1919 മാർച്ചിൽ ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ പാസാക്കിയ 'ദ് അനാർക്കിയൽ ആൻഡ് റെവല്യുഷനറി ക്രൈംസ് ആക്‌ട് 1919' ഒരു കരിനിയമമായിരുന്നു. റൗലറ്റ് ആക്‌ട് എന്ന പേരിൽ കുപ്രസിദ്ധി നേടിയ ഈ നിയമം വഴി ബ്രിട്ടീഷ് സർക്കാരിന് ഏതൊരാളെയും വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിൽ വയ്‌ക്കുവാനുള്ള അധികാരം ലഭിച്ചു. ഇതിനെതിരെ മഹാത്മജി സത്യഗ്രഹത്തിന് ഒരുങ്ങുകയും ഇതിന്റെ ആവശ്യത്തിനായി അദ്ദേഹം തന്നെ അധ്യക്ഷനായി സത്യഗ്രഹ സഭ രൂപീകരിക്കുകയും ചെയ്തു. 1919 മാർച്ച് 30-ന് ഒരു പൊതു ഹർത്താൽ നടത്താനായിരുന്നു ആദ്യ തീരുമാനം. പിന്നീടത് ഏപ്രിൽ 6 ആയി മാറ്റി. ഏപ്രിൽ 6-ന് സത്യഗ്രഹാചരണം നടത്താനായി ഗാന്ധിജി ആഹ്വാനം നൽകിയത്. ഏപ്രിൽ 7-ന് ഗാന്ധിജി 'സത്യഗ്രഹി' എന്ന പേരിൽ ഒരു പ്രസിദ്ധീകരണം പുറത്തിറക്കി.

ഉപ്പ് സത്യഗ്രഹം (1930)
ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ് നിർമാണത്തിന് നികുതി ഏർപ്പെടുത്തിയതിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭമാണ് ഉപ്പ് സത്യഗ്രഹം എന്നറിയപ്പെടുന്നത്. ഉപ്പ് കുറുക്കി നിയമ ലംഘനം നടത്തുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജിയും 78 സന്നദ്ധ പ്രവർത്തകരും 1930 മാർച്ച് 12-നു സബർമതി ആശ്രമത്തിൽ നിന്നും 390 കിലോമീറ്റർ അകലെയുള്ള ദണ്ഡി കടപ്പുറത്തേക്ക് കാൽ നടയാത്ര ആരംഭിച്ചു. ഏപ്രിൽ 5-ന് ദണ്ഡി കടപ്പുറത്തെത്തിയ ഗാന്ധിജിയും സംഘവും ഏപ്രിൽ 6-ന് രാവിലെ ഉപ്പുതരികൾ ശേഖരിച്ചും കടൽവെള്ളം കുറുക്കി വറ്റിച്ചും ഉപ്പ് നിയമം ലംഘിച്ചു.
ഇർവിൻ പ്രഭു ഉപ്പ് സത്യഗ്രഹത്തെ 'കിന്റർ ഗാർട്ടൻ സ്റ്റേജ്' എന്നും ദണ്ഡിയാത്രയെ 'ചായക്കോപ്പിലെ കൊടുങ്കാറ്റ്' എന്നുമാണ് പരിഹസിച്ചത്. സുഭാഷ് ചന്ദ്രബോസ് ദണ്ഡി യാത്രയെ എൽബയിൽ നിന്ന് നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കത്തോടു വിശേഷിപ്പിച്ചപ്പോൾ മോത്തിലാൽ നെഹ്‌റു ഇതിനെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള മടക്കയാത്രയോടാണ് ഉപമിച്ചത്.
മെയ് 5-നു ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് അബ്ബാസ് തയ്യാബ്ജി സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തു. തമിഴ്‌നാട്ടിൽ വേദാരണ്യത്തു സി.രാജഗോപാലാചാരിയുടെ നേതൃത്വത്തിലും കേരളത്തിൽ പയ്യന്നൂരിൽ കെ.കേളപ്പന്റെ നേതൃത്വത്തിലും നടന്ന സത്യാഗ്രഹങ്ങളും ശ്രദ്ധിക്കപ്പട്ടു. 1931-ലെ ഗാന്ധി-ഇർവിൻ സന്ധിയോടെ ഉപ്പ് നിയമത്തിൽ മാറ്റം വന്നു.

വ്യക്തി സത്യഗ്രഹം
1940-ലെ ആഗസ്റ്റ് ഓഫറിന് ശേഷം ഗാന്ധിജി മുന്നോട്ടുവച്ച പുതിയ സത്യാഗ്രഹ മാതൃകയാണ് വ്യക്തി സത്യഗ്രഹം. കൂടുതൽ ജനപങ്കാളിത്തത്തോടെ നടത്തിയാൽ അക്രമ സമരത്തിലേക്ക് പോകുമോ എന്ന ആശങ്കയിൽ നിന്നാണ് മഹാത്മജി വ്യക്തി സത്യഗ്രഹത്തിലേക്ക് തിരിഞ്ഞത്. ആചാര്യ വിനോബാ ഭാവെ ആയിരുന്നു വ്യക്തി സത്യഗ്രഹത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ സത്യഗ്രഹി. യുദ്ധത്തിനെതിരെ സംസാരിച്ചതിന്റെ പേരിൽ വിനോബാ ഭാവെ ജയിലിലായതിനെ തുടർന്ന് രണ്ടാം സത്യഗ്രഹിയായി ജവഹർലാൽ നെഹ്‌റു എത്തി. കെ.കേളപ്പനാണ് വ്യക്തി സത്യഗ്രഹത്തിനായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി. 1940 ഡിസംബറിൽ ഗാന്ധിജി വ്യക്തി സത്യഗ്രഹം താത്കാലികമായി നിർത്തുകയും ൧൯൪൧ ജനുവരിയിൽ പുനരാരംഭിക്കുകയും ചെയ്‌തു.
Share it:

Post A Comment:

0 comments: